Thursday 28 June 2012

കുഴിമാടങ്ങള്‍ കേള്‍ക്കാനിരിക്കുന്നത് ...




പിറക്കാനിരിക്കുന്നവര്‍,
നമ്മുടെ 
കുഴിമാടങ്ങള്‍ നോക്കി ,
വിളിച്ചു പറയുമായിരിക്കും ,
പെറ്റമ്മയെ
വിഷം കൊടുത്ത്
കൊല്ലാനിട്ട്,
നാണമില്ലാതെ ,
അവളുടെ
വരണ്ടുണങ്ങിയ ,
തോലിനടിയില്‍,
ഒന്നുമറിയാതെ
കിടന്നുറങ്ങുന്നോര്‍ ....!

നിഷ്കളങ്കതയുടെ മരണം


പന്തു കളിച്ചു 
നടന്ന ബാല്യം ,
പിഞ്ചു പെണ്ണിനെ 
വട്ടം വളഞ്ഞു നിര്‍ത്തി ,
കുഞ്ഞു മുഖത്തൊരു 
ക്യാമറ കണ്ണും ,
ബ്ലൂ ടൂത്തുമായി,
തന്നോട് തന്നെ 
പുലഭ്യം പറഞ്ഞിട്ട് ,
നിഷ്കളങ്കതയുടെ മരണം
ഒപ്പിയെടുക്കുന്നു ...!


Monday 25 June 2012

ചിലന്തി



വലയില്‍
വീണ ഇരയെ
വരിഞ്ഞുകെട്ടാന്‍ ,
ഇരച്ചടുത്തപോഴാണറിഞ്ഞത്,
ഈ വട്ടം
കുരുങ്ങിയത് ,
തന്റെ
കുഞ്ഞായിരുന്നെന്ന്‍.
...
വലയുടെ നിയമം
പക്ഷെ ,
ആരായിരുന്നാലും
വീണതിനെ ,
വരിഞ്ഞു കുത്തി
കൊല്ലണമെന്നത്രെ!.

Sunday 24 June 2012

വഴിവെട്ടുകാരി


നിന്നിലെ 
പ്രണയം,
എന്നിലേക്കെത്തുന്ന,
വഴിവെട്ടുവാനാണ്,
ഇന്നലെ 
അയ്യപ്പനാശാന്റെ, 
കവിത കിടാവിനെ ,
ഞാന്‍ പണിക്കു 
വിളിപ്പിച്ചത്. 

കറുത്ത സത്യങ്ങള്‍ ,
വെളുത്ത മേല്മുണ്ടാല്‍, 
പുതച്ചൊരുക്കി.

കണ്ടതും കേട്ടതും ,
കെട്ടുപെടാതെ ,
ചീകിയൊതുക്കി .

നെറ്റിയില്‍ 
നിഷേധം ചാലിച്ചൊരു ,
 പൊട്ടുകുത്തി .
അവളിന്നലെ  
വഴി വെട്ടുവാനെത്തി .


പ്രണയമേ..
വഴി നിന്നിലെക്കെത്തും 
മുമ്പേ 
ആ കറുമ്പിക്ക് 
പണിക്കൂലിയായി, 
ഞാനെന്റെ  
ഹൃദയം 
കൊടുത്തു പോയ്‌ ,


പൊറുത്തേക്കുക! 




    

Friday 22 June 2012

മുത്യേമ്മ



വടക്കേ തൊടിയില്‍, 
വാതിലുള്ള വൈക്കോല്‍ 
കൂനയിലിരുന്നു ,
നിര്‍ത്താതെ മുടി ചീകുന്ന 
മുത്യേമക്ക് ഞാനെന്റെ ,
വര്ത്താനമെല്ലാം 
വാരി കൊടുത്തിരുന്നു .

എന്റെ ,
നുണകഥപ്പാട്ടിന്നവസാനം,
തേഞ്ഞ പേന്‍ചീര്‍പ്പു 
മോണ കാട്ടിയൊരു,
പൊട്ടിച്ചിരി .

ചൂരല്‍ കഷായം,
കുടിച്ചെന്നു കേക്കുമ്പോള്‍ ,
കണ്ണിറുക്കിയൊരു,
നരച്ച തേങ്ങല്‍ .

അമ്മച്ചി,
മരിച്ചു പോയത്, 
എങ്ങോട്ടെന്നതിനൊരു 
മുത്തവും തലോടലും. 

അറിയാത്ത ഭാഷയില്‍ ,
ഒരുപാടൊരുപാട് ,
തേയാത്ത മറുപടികള്‍ .

എല്ലാരും പറയുന്നു ,
ഇന്നലെ രാത്രി ,
'വടക്കേലെ 
ചെവി കേക്കാത്ത 
മുത്യേമയും മരിച്ചു പോയെന്ന്'
എങ്ങോട്ടാണാവോ ?!...

Thursday 21 June 2012

അനുശോചനം


പിറ്റേന്ന് രാവിലെ ,
നേരത്തെ എണീറ്റ് ,
ഭീമന്‍ ,
കവലയില്‍ പോയി
പറഞ്ഞുവത്രേ,

'എന്തൊക്കെയായാലും,
കീചകവധം -ക്രൂരം ,
നിഷ്ടൂരം,
അപലപനീയം!'

ഒസ്യത്ത്

എന്റെ മരണം ,
 ആരെയും
അറിയിക്കരുതെന്നൊരു,
ഒസ്യതെഴുതിച്ചു ഞാന്‍ .

 പിന്നീടെപ്പോഴെങ്കിലും ,
എന്റെ പ്രിയപ്പെട്ടവരെ
കാണാന്‍ ,

 സ്വപ്നങ്ങളുടെ
ജനലഴി പിടിച്ചു ഞാന്‍
എത്തി നോക്കുമ്പോള്‍ ,


 ആരും പേടിച്ചു

നിലവിളിക്കരുതല്ലോ !..

കളിക്കൂട്ടുകാരി













പുതപ്പിനൊപ്പം
ഉറക്കം മതിയാവാതെ ,
ചുരുണ്ട് കിടക്കുമ്പോള്‍ ,

കറുത്ത പാവാടയുടുത്തു വന്ന്
വളകിലുക്കി ,
തുറന്ന ജനല്‍ പാളികള്‍ക്കിടയിലൂടെ ,
കൈ നീട്ടി,
 കാലില്‍ ഇക്കിളി
കൂട്ടികൊണ്ടവള്‍
പറഞ്ഞു ,
' വരുന്നില്ലേ?,
കളിക്കാം നമുക്കിന്നു പകലന്തിയോളം'

കൊതിയോടെ
ഉമ്മറത്തേക്ക്
ഓടിയെത്തുമ്പോള്‍ ,
അവളതാ
മിണ്ടാതെ ,
തിരിഞ്ഞു നോക്കാതെ ,
കാറ്റിനൊപ്പം
കിഴക്കോട്ട് പോകുന്നു...

മുറ്റത്ത്
വെയ്യില്‍ വീണ്ടും
പെയ്യാന്‍ തുടങ്ങുന്നു ..

വാര്‍ത്ത


 വീട്ടിലെത്തി ,
കൊത്തിയരിഞ്ഞ
ഇറച്ചി കഷണങ്ങളെ
ഫ്രിട്ജിലേക്ക്
ഭംഗിയായി കുത്തി നിറച്ച്

'കോഴിയെ വെട്ടുന്നത്
കണ്ടുനില്‍ക്കനാവിലെന്നു'
...
അമ്മയോട് പറയവേ

ഉമ്മറത്ത്,
പത്രം വിഴുങ്ങികൊണ്ടിരുന്ന
വലിയമ്മച്ചി
വിളിച്ചു ചോദിച്ചു
വെട്ടിയോ?,ആരെ ?,കമ്യൂനിസ്ടുകാരാവും!