Thursday 9 January 2014

ഫെയര്‍നെസ് സ്റ്റുഡിയോ


ഒരു കളറുപടം വേണം,
ഇപ്പം ശരിയാക്കി തരാന്ന് മൂന്നാം വട്ടം പറഞ്ഞിട്ട്
ദിപ്പോ മണിക്കൂറൊന്നായി,
ചുറ്റും നോക്കി.
'പാസ്പോര്‍ട്ട് സൈസ് 
പത്തുനിമിഷത്തിനുള്ളില്‍'
ഒലത്തിത്തെരുമെന്ന ബോരഡ്,
പണിതീര്‍ന്ന അപ്പൂപ്പന്‍സിന്ടെ പണിതീര്‍ത്ത പടങ്ങള്‍,
ചെറിയ സൈസില്‍ നിന്നും
വലിയ സൈസിലേക്ക് വലുതായിക്കൊണ്ടേയിരിക്കുന്ന ഒരു സില്‍മാനടി,
എലാറ്റയും വെളുവെളുവെളുവെളാന്ന്
വെളുത്തിരിക്കുന്നു,

പടം കിട്ടീപ്പോ ഞാനും തൊലിയുരിഞ്ഞ്
വെളുവെളുവെളുവെളാന്ന്
വെളുത്തിരിക്കുന്നു,

ചെയ്തപണിയുടെ ചേലുനോക്കീ ചിരിച്ചോണ്ട് നില്‍ക്കണ സുകുമാരേട്ടനോട്
ഞാമ്പറഞ്ഞു,
'ഇതൊന്ന് തിരികെ കറുപ്പിച്ചു തരണം'

തണുത്തുറത്തുറഞ്ഞ് ഉള്ളിലേക്കൊഴുകിയ സുകുമാരേട്ടന്‍ പിന്നെ
വിയര്‍ത്തുപൊന്തിവന്ന്
മുഖത്തുനോക്കാതെ പറഞ്ഞു,
'കൊച്ചേ.....
എനക്ക് കറപ്പിക്കാന്‍ അറിഞ്ഞുട!

Saturday 4 January 2014

ചത്തേന്റെ പിറ്റേന്ന് അച്ചാച്ചൻ പറഞ്ഞത് !

വാര്‍ത്തകള്‍,
വിശകലനങ്ങള്‍,
ചോദിച്ചു വാങ്ങേണ്ട
പാക്ക്,മൈദ, കാലിത്തീറ്റ
തിരഞ്ഞെടുക്കേണ്ട 
വിത്ത്,വളം, സര്‍ക്കാര്‍
വിശക്കുന്ന നേരത്തെ 
അയ്യപ്പന്‍പ്പാട്ട്,
സ്ഥാനം തെറ്റുമ്പോഴുള്ള 
നിലവിളികള്‍,കൂവലുകള്‍,ഒച്ചപ്പാടുകള്‍
ഇടവേളകളില്‍ തള്ളികയറ്റുന്ന ഒരിക്കലും മുഴുമിക്കാത്ത സംഗീതം,
ഇടക്കൊരു ഡല്‍ഹി റിലേ,
..ശരിയാ കുഞ്ഞേ ഈ അച്ചാച്ചനൊരു റേഡിയോയായിരുന്നു,


വാര്‍ത്തകള്‍
ചര്‍ച്ചകള്‍
വാഗ്വാദങ്ങള്‍.
ചോദിച്ചു വാങ്ങേണ്ട
മൈദ, പാക്ക്, കാലിത്തീറ്റ
തിരഞ്ഞെടുക്കേണ്ട
സര്‍ക്കാര്‍, വിത്ത്,വളം,
ഒരിക്കലും ശരിയാവാത്ത ഇരമ്പലുകള്‍,അസ്വാസ്ഥ്യങ്ങള്‍, കാലാവസ്ഥാ അറിയിപ്പുകള്‍.
പാതിരാനാടകങ്ങള്‍,
വയലോ? വീടോ?

അടിച്ചും കത്തിച്ചും ബൌണ്ടറി കടത്തിയ സിക്സറുകളുടെ, റോക്കറ്റുകളുടെ,
ആദിവാസി സമരങ്ങളുടെ ആഘോഷങ്ങള്‍,
ഇടക്കെപ്പഴൊ രാത്രികളില്‍ വിദേശത്തവിടെ നിന്നോ സംപ്രേഷണം ചെയ്യപ്പെടുന്ന
മുഖം മറന്നു തുടങ്ങിയ
ശബ്ദരേഖകള്‍,
ശരിയാ കുഞ്ഞേ ഈ അച്ചാച്ചനൊരു നല്ല കേള്‍വിക്കാരനായിരുന്നു